Politics

പിടിവലിക്കൊടുവിൽ സതീശൻ; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

Ke

Kevin George

Published on: 14 May 2026 at 6:42 pm

പിടിവലിക്കൊടുവിൽ സതീശൻ; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

പത്തുദിവസം നീണ്ടുനിന്ന പിടിവലിക്കൊടുവിൽ മുഖ്യമന്ത്രിക്കസേര വി ഡി സതീശന്. പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനെതിരെ എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുണ്ടായിരുന്നെങ്കിലും കോൺഗ്രസിലും യുഡിഎഫിലും ഉടലെടുത്ത അസാധാരണ സാഹചര്യം പരിഗണിച്ച് ഹൈക്കമാൻഡ് ഈ തീരുമാനത്തിലേക്ക് നീങ്ങുകയായിരുന്നു.

എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഡൽഹിയിലും സംസ്ഥാനത്തും പലതട്ടിൽ നീണ്ട ചർച്ചകളും പ്രതിഷേധങ്ങളും യുഡിഎഫ് വിജയത്തിന്റെ ശോഭകെടുത്തിയതോടെ, ഇനിയും വൈകാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബുധനാഴ്ച രാഹുൽ ഗാന്ധിയും കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയും തമ്മിൽ നടത്തിയ കൂടിയാലോചനയിലാണ് അന്തിമ തീരുമാനമുണ്ടായത്.

61കാരനായ വി ഡി സതീശൻ പറവൂരിൽ നിന്നുള്ള നിയമസഭാ അംഗമാണ്. ദീർഘകാലമായി എംഎൽഎ ആണെങ്കിലും ഇതുവരെ മന്ത്രിസഭയിൽ എത്തിയിട്ടില്ലെന്ന പ്രത്യേകതയുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ വേണുഗോപാലും സീനിയോറിറ്റിയുടെ ആനുകൂല്യം തനിക്കാണെന്ന്‌ ചെന്നിത്തലയും അവകാശപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രിയായില്ലെങ്കിൽ മറ്റൊരു സ്ഥാനവും വേണ്ടെന്ന സതീശന്റെ കടുംപിടുത്തിന് ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു. ഘടകകക്ഷികളുടെ നിലപാടും ജനവികാരം തുടങ്ങിയ ഘടകങ്ങൾ സതീശന് അനുകൂലമായി.

വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് പറഞ്ഞ് തെരുവിൽ ഇറങ്ങിയ കോൺഗ്രസുകാർ കെ സി വേണുഗോപാലിന്റെ ഫക്സ് ബോർഡുകൾ അടക്കം തകർത്തിരുന്നു. ഇതോടെ കോൺഗ്രസിലെ തർക്കം തെരുവുയുദ്ധമായി മാറി.

 

More to read